ഡല്‍ഹി ചെങ്കോട്ടയ്ക്കരികിലെ സ്‌ഫോടനം: അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി

ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും സ്ഥലത്ത് കണ്ടെത്തിയ വസ്തുക്കള്‍ ശാസ്ത്രീയമായി പരിശോധിച്ച് വിശദ വിവരങ്ങള്‍ ഉടന്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌ഫോടനത്തിനു ശേഷം വെറും പത്ത് മിനിറ്റിനുള്ളില്‍ സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാല്‍നട യാത്രക്കാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇതുവരെ 10 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും 26 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ എഫ്എസ്എല്‍, എന്‍എസ്ജി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ ഉറവിടവും സ്വഭാവവും സംബന്ധിച്ച് എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെക്കുറിച്ച് അമിത് ഷായുമായി സംസാരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അദ്ദേഹം ബോധിപ്പിച്ചു. സ്‌ഫോടനം സാധാരണ സ്വഭാവത്തിലുള്ളതല്ലെന്നാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഐഎ സംഘം സ്ഥലത്ത് രാസപരിശോധനകളും തെളിവെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്.




