വന്നുവന്ന് ദുബായിൽ പണക്കാർക്കും ജീവിക്കാൻ വയ്യ ; സമ്പന്നർക്ക് ജീവിക്കാൻ ചെലവേറിയ നഗരമായി ദുബായ്

വന്നുവന്ന് ദുബായിൽ പണക്കാർക്കും ജീവിക്കാൻ വയ്യാത്ത സ്ഥിതിയായി. സമ്പന്നർക്ക് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായിയും ഉൾപ്പെട്ടിരിക്കുകയാണ്. സ്വിസ് ബാങ്കായ ജൂലിയസ് ബെയർ ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴാമതായാണ് ദുബായ് വന്നിരിക്കുന്നത്. സിംഗപ്പൂർ, ലണ്ടൻ, ഹോങ്കോങ്, മോണാക്കോ, സൂറിച്ച്, ഷാങ്ഹായ്, ദുബായ്, ന്യൂയോർക്ക്, പാരിസ്, മിലൻ എന്നീ നഗരങ്ങളാണ് ലോകത്തിൽ ഏറ്റവും ചെലവേറിയവ. സിംഗപ്പൂർ, ഹോങ്കോങ്, ഷാങ്ഹായ്, ദുബായ് എന്നീ ഏഷ്യൻ രാജ്യങ്ങളാണ് പട്ടികയിൽ പെട്ടിരിക്കുന്നത്. ഇന്ത്യൻ നഗരങ്ങളൊന്നും തന്നെ ഇക്കൂട്ടത്തിലില്ല. അഞ്ച് യൂറോപ്യൻ നഗരങ്ങളും ഒരു അമേരിക്കൻ നഗരങ്ങളും പട്ടികയിലുണ്ട്.
ആഡംബര സൗകര്യങ്ങളുടെ വില ഏറിക്കൊണ്ടിരിക്കുകയാണ് ദുബായിൽ. ഫ്ലാറ്റുകൾക്കും, കാറുകൾക്കുമെല്ലാം ചെലവേറുന്നു. ജൂലിയസ് ബെയർ നടത്തിയ പഠനം പറയുന്നത് ദുബായിൽ ആഡംബര വസ്തുവിലകൾ 17 ശതമാനത്തോളം ഉയര്‍ന്നു എന്നാണ്. റിയൽ എസ്റ്റേറ്റ് രംഗത്തും ഓട്ടോമൗബൈൽ രംഗത്തും ഈ വിലവർദ്ധന പ്രകടമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് കാരണം യൂറോപ്പിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമെല്ലാം വൻ സമ്പന്നർ ദുബായിലേക്ക് താമസം മാറുന്നതാണ്. അടുത്തകാലത്തായി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ പോലും ദുബായിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവര്‍ വിലകൊടുത്ത് പ്രോപ്പർട്ടികൾ വാങ്ങാൻ തയ്യാറായതോടെ വസ്തുക്കളുടെ വിലനിലവാരം ഉയർന്നു.
ആഡംബര കാറുകളുടെ വിലയിലും ഇതിന്റെ പ്രതിഫലനം കാണാം. 13 ശതമാനത്തോളം വർദ്ധനയാണ് ആഡംബര കാറുകളുടെ വിലയിൽ ഉണ്ടായിരിക്കുന്നത്. ലാമ്പോർഗിനി, ഫെരാരി, റോൾസ് റോയ്സ് തുടങ്ങിയ ബ്രാൻഡുകളുടെയെല്ലാം വില ഈ അടുത്തകാലത്തായി വർദ്ധിച്ചു.
ഇതോടനുബന്ധിച്ച് കാണേണ്ട ഒന്നാണ് വ്യക്തിഗത വരുമാനത്തിൽ നികുതി ഈടാക്കേണ്ടതില്ലെന്ന ദുബായിയുടെ തീരുമാനം. ഇതോടെ ആഡംബര വസ്തുക്കൾ വാങ്ങാനുള്ള ശേഷി സമ്പന്നർക്ക് കൂടി. ഇതും വില വർദ്ധനയ്ക്ക് കാരണമാണ്.