ഇത് ഞങ്ങളുടെ യുദ്ധമല്ല”; ഇറാനെതിരായ നീക്കത്തിൽ ട്രംപിനെ കൈവിട്ട് യൂറോപ്പ്; ഒറ്റയ്ക്ക് മുന്നോട്ടെന്ന് അമേരിക്ക

ബെർലിൻ: പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കാളികളാകില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം വ്യക്തമാക്കി. “ഇത് ഞങ്ങളുടെ യുദ്ധമല്ല” എന്ന കർശന നിലപാടാണ് ജർമ്മനിയും ഫ്രാൻസും ഉൾപ്പെടെ പ്രമുഖ യൂറോപ്യൻ ശക്തികളെല്ലാം ഒരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ വിന്യസിക്കണമെന്ന ട്രംപിന്റെ ആവശ്യം ഇതിലൂടെ യൂറോപ്യൻ നേതാക്കൾ തള്ളിക്കളഞ്ഞു.
അമേരിക്കയുടെ നീക്കങ്ങളിലുള്ള സംശയം പരസ്യമായി പ്രകടിപ്പിച്ചു കൊണ്ടാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസംഗിച്ചത്. അയൽരാജ്യങ്ങൾക്ക് ഇറാൻ ഭീഷണിയാകരുത് എന്ന നിലപാടിലാണ് യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ ഇപ്പോഴത്തെ യുദ്ധത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടുന്നില്ലെന്ന് മെർസ് പറഞ്ഞു. ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല, ഞങ്ങൾ തുടങ്ങിയ യുദ്ധവുമല്ല’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യം യുദ്ധമുഖത്തേക്ക് സൈന്യത്തെ അയച്ച് അമേരിക്കയുടെ ഗുഡ് ബുക്കിൽ ഇടംനേടാൻ ശ്രമിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നിലപാട് മാറ്റി. ഈ സംഘർഷത്തിൽ ഫ്രാൻസ് കക്ഷിയല്ലെന്നാണ് പുതിയ പ്രതികരണം. സ്പെയിനിലെ ഉപപ്രധാനമന്ത്രി മരിയ ജോസ് മൊണ്ടേറോ സ്പെയിൽ ‘ആരുടെയും ദാസന്മാരല്ല’ എന്നാണ് ട്രംപിൻ്റെ ആവശ്യത്തോട് പ്രതികരിച്ചത്. സ്പെയിനിലെ 68 ശതമാനം ജനങ്ങളും യുദ്ധത്തെ എതിർക്കുന്നുവെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. തന്റെ സഹായ അഭ്യർത്ഥന യൂറോപ്യൻ രാജ്യങ്ങൾ തള്ളിയതോടെ, ട്രംപ് രൂക്ഷമായാണ് പ്രതികരിച്ചത്. തങ്ങൾക്ക് നാറ്റോ രാജ്യങ്ങളുടെയോ ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങളുടെയോ സഹായം ആവശ്യമില്ലെന്നും, ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു.
യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നതാണ് യൂറോപ്പിന്റെ പ്രധാന പരാതി. അമേരിക്കയുടെ ലക്ഷ്യം പ്രതിരോധമാണോ അതോ ഇറാനിലെ ഭരണമാറ്റമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യൂറോപ്യൻ നേതാക്കൾ സംശയിക്കുന്നു. ഇന്ധനവില വർദ്ധനവും അഭയാർത്ഥി പ്രവാഹവും സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ കരുതുന്നു. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി. ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലേക്ക് ഉയർന്നത് യൂറോപ്പിൽ കടുത്ത വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സമാധാനപ്രേമിയെന്ന് സ്വയം അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് “യുദ്ധ പ്രസിഡന്റായി” മാറിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകർ കുറ്റപ്പെടുത്തുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇപ്പോൾ അതിനേക്കാൾ വലിയ യുദ്ധത്തിലേക്ക് ലോകത്തെ നയിക്കുന്നുവെന്ന വിമർശനമാണ് ശക്തമാകുന്നത്.



