ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിൽ ജാമ്യം ലഭിച്ച നോബി ലൂക്കോസ് ജയിലിൽ നിന്നും പുറത്തിറങ്ങി. 29 ദിവസം റിമാൻഡിനു ശേഷമാണ് നോബിക്ക് ജാമ്യം ലഭിച്ചത്. ബുധനാഴ്ച്ചയാണ് നോബിക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 28 നാണ് ഷൈനി മക്കളായ ഇവാന , അലീന എന്നിവർ ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഭർത്താവ് നോബി ലൂക്കോസിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ബുധനാഴ്ചയാണ് നോബിക്ക് ജാമ്യം അനുവദിച്ചത്. വിദേശത്തേക്ക് കടക്കരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, എല്ലാ ആഴ്ചയും ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പ് വയക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച ജാമ്യം ലഭിച്ചെങ്കിലും കോടതി ഉത്തരവിലഭിക്കാൻ വൈകിയതിനാൽ വ്യാഴാഴ്ചയാണ് നോബിക്ക് പുറത്തിറക്കാൻ കഴിഞ്ഞത്. നോബിയ്ക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രൊസീക്യൂഷന്‍റെ വാദം. ഷൈനി മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തിയതാണ് പ്രകോപനമെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ്.