
മത്സ്യത്തിന്റെ വരവ് കുറഞ്ഞോത്തോട് കൂടി ഇറച്ചിക്ക് മാർക്കറ്റിൽ വിലയേറി. വില ഏകോപിപ്പിക്കാതെ തോന്നിയ രീതിയിലാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. പെരുന്നാൾ സമയത്ത് 20 മുതല്‍ 50 വരെ രൂപയാണ് വ്യാപാരികൾ വർദ്ധിപ്പിച്ചത്. അടുത്തടുത്ത കടകളിൽ പോലും ഒരേ ഇറച്ചിക്ക് പല വിലകളാണ് വാങ്ങുന്നത്. 400 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോഗ്രാം പോത്തിറച്ചിയുടെ വില ഉയർന്ന് 440 രൂപയിലെത്തി. ഇപ്പോള്‍ 90 ശതമാനം വ്യാപാരികളും വില 440 ആയി സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. 40 രൂപയുടെ വർധനവ് കമ്പോളത്തിൽ ഉണ്ടായപ്പോൾ ഹോട്ടലുകളിലെ പോത്ത് വിഭവങ്ങളുടെ വിലയും കുത്തനെ കൂടി.
കാളയ്ക്കും മൂരിക്കും വില കിലോഗ്രാമിന് 380 മുതല്‍ 400 രൂപ വരെയാണ് ഈടാക്കുന്നതെങ്കിലും മലയോരത്തേക്ക് ചെല്ലുമ്പോൾ എല്ലാത്തിനും പോത്തിറച്ചിയുടെ വിലയാണ് ഈടാക്കുന്നതെന്നതാണ് പ്രത്യേകത. പോത്തിനെ കിട്ടാനില്ലാത്താണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്നാണ് ഇറച്ചി കച്ചവടക്കാർ പറയുന്നത്. കർണാടക ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇറച്ചിക്ക് പോത്തുകളെ എത്തിച്ചിരുന്നത്. എന്നാൽ ഗോവധ നിരോധനത്തിന്റെ ഭാഗമായി ഇപ്പോൾ പഴയതു പോലെ പോത്തുകളെ ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല. തമിഴ്നാട്ടിൽ നിന്നും പഴയതു പോലെ പോത്തു വരുന്നില്ല എന്നത് പ്രതിസന്ധിയാണ്.
ചിക്കൻ കിലോയ്ക്ക് 130 രൂപ മുതല്‍ 160 രൂപവരെയാണ് വില. വിലയുടെ കാര്യത്തിൽ ഏകീകൃതമില്ലാതെയാണ് ചിക്കന്‍ വിപണിയും നടന്നു കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുൻപ് പന്നിയിറച്ചി കിലോയ്ക്ക് 260 രൂപയായിരുന്നു.കുത്തനെ 340 രൂപയാവുകയായിരുന്നു. എന്നാല്‍, നിലവില്‍ 350 രൂപ മുതല്‍ 380 രൂപവരെ കിലോയ്ക്ക് ഈടാക്കുന്നുണ്ട്.