Kerala

‘ഇതാണെന്റെ ജീവിതം’ ; ഇ പി ജയരാജന്റെ ആത്മകഥ പുറത്ത്, പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

പാർട്ടി നേതൃത്വത്തോടുള്ള അമർഷമടക്കം തുറന്നുകാട്ടുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചതാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടായിരുന്നു എന്നും ‘ഇതാണെന്റെ ജീവിതം’ പറയുന്നു. വലിയ അഴിമതി ആരോപണമായി മാധ്യമ വാർത്തകൾ വന്നപ്പോൾ നേതൃത്വം വ്യക്തത വരുത്താത്തതിലെ അമർഷവും ഇ പി ‘ഇതാണെന്റെ ജീവിത’ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് അഴിമതി ആരോപണമായി ‘വൈദേകം’ വിവാദം നിലനിന്നതെന്നും ഇ പി ജയരാജൻ ആത്മകഥയിൽ വിവരിച്ചു.

ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം‌ ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തി ഉണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചത്. കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം കണ്ണൂരിൽ നടന്ന ഇ പിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button