പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് നടപടി സ്വീകരിച്ചത്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആര്‍. അനില്‍കുമാര്‍, സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. DFO , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയേക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശം പ്രകാരം ആണ് നടപടി.
കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി വനംവകുപ്പ് സ്വീകരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് അടൂർ കടമ്പനാട് നിന്നും കുടുംബത്തോടൊപ്പം ആനക്കൊട്ടിൽ സന്ദർശിക്കാൻ എത്തിയ കുട്ടി കോൺക്രീറ്റ് തൂണ് വീണ് മരിച്ചത്. ഉപയോഗശൂന്യമായ കോൺക്രീറ്റ് തൂണുകൾ ബലക്ഷയം വന്നശേഷവും എടുത്തു മാറ്റാതെ നിലനിർത്തിയതായിരുന്നു അപകടകാരണം. ആനക്കൊട്ടിൽ നിശ്ചിത ഇടവേളകളിൽ നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി.