KeralaNews

എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കേസ്: സുപ്രിം കോടതിയില്‍ തടസ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍

ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കേസില്‍ സുപ്രിം കോടതിയില്‍ തടസ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം. ഹൈക്കോടതി വിധിയില്‍ ഇടക്കാല ഉത്തരവ് പുറപ്പിവിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കണമെന്നാണ് ആവശ്യം.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനായി 17 കോടി രൂപ ഹൈക്കോടതി രജിസ്ട്രിയില്‍ അധികം കെട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരതുകയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇടക്കാല സംവിധാനമെന്നുള്ള രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച 26 കോടി രൂപയ്ക്ക് പുറമേയാണ് 17 കോടി രൂപ കൂടി നല്‍കേണ്ടത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹാരിസണ്‍സ് കമ്പനിയും നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുമെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അറിയിച്ചു.

അതേസമയം, 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നതായിരുന്നു എസ്റ്റേറ്റിന്റെ ആവശ്യം. സര്‍ക്കാര്‍ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നും എസ്റ്റേറ്റ് ഉടമ കോടതിയെ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ ശരിയായ വിലയല്ല ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയതെന്നും എസ്റ്റേറ്റ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയധികം രൂപ വളരെ കൂടുതലാണെന്നും ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ പണം നല്കുന്നതെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായി 26 കോടി രൂപ നേരെത്തെ നീക്കി വെച്ചിരുന്നു. എന്നാല്‍ ന്യായ വിലയില്‍ മാറ്റം വന്നതോടെ ഈ തുക 49 കോടി രൂപയായി മാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button