News

അലന്റെ ജീവന്‍ രക്ഷിക്കാനാകുമെന്ന് അവസാന നിമിഷവും അമ്മയുടെ പ്രതീക്ഷ; ആനയുടെ ആക്രമണത്തില്‍ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ

കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്‍ ഒരു വേദനയായി മാറുകയാണ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ’- എന്ന് പറഞ്ഞ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന മകനെ രക്ഷിക്കാന്‍ കൂട്ടുകാരെ അമ്മ ഫോണ്‍ വിളിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ ബാക്കിയാക്കി അലന്‍ വിട പറഞ്ഞപ്പോള്‍ അത് നാടിന് മുഴുവന്‍ നൊമ്പരമായി. ഇന്നലെ രാത്രിയാണ് അലനെയും അമ്മയെയും കാട്ടാന ആക്രമിച്ചത്.

മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്.

നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. ചേച്ചിയുടെ വീട്ടില്‍ പോയി വരാമെന്നു പറഞ്ഞു പോയ അലന്‍ ജീവനറ്റ് കിടക്കുന്നത് കൂട്ടുകാര്‍ക്ക് കണ്ടുനില്‍ക്കാനായില്ല. വാക്കുകള്‍ ഇടറിയാണ് എന്താണു സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ വിശദീകരിച്ചത്. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജില്ലാ ആശുപത്രിയില്‍ തടിച്ചുകൂടിയത്.

വീട്ടിലെത്താന്‍ നൂറു മീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് അലന്റെ ജീവന്‍ കാട്ടാനയെടുത്തത്. പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴയുണ്ടായിരുന്നു. വഴിവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമാണുണ്ടായിരുന്നത്. നടന്നുവരികയായിരുന്ന അലനും അമ്മയ്ക്കും നേരെ പാഞ്ഞടുത്ത കാട്ടാനയെ അവര്‍ കണ്ടില്ല. ആന തട്ടിയപ്പോഴാണ് ഇവര്‍ തിരിച്ചറിഞ്ഞത്. ആക്രമണത്തില്‍ പരുക്കുപറ്റിയിരുന്നെങ്കിലും മകനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ വിജി കൂട്ടുകാരെ ഫോണ്‍ വിളിച്ചു.”അലന്‍ രക്തം വാര്‍ന്നു കിടക്കുകയാണ്, ഓടി വായോ മക്കളേ” എന്നു പറഞ്ഞാണ് അവര്‍ ഫോണ്‍ വിളിച്ചത്. പിന്നാലെയാണ് അലന്റെ സുഹൃത്തുക്കളും പ്രദേശവാസികളും വിവരമറിഞ്ഞത്. രണ്ടു ദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button