കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവം; വിരണ്ടത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട്, ഇന്ന് 9 വാർഡുകളിൽ ഹർത്താൽ

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്നു സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺർവേറ്റർക്കു റിപ്പോർട്ട് സമർപ്പിക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നിഗമനം. പപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സാരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലുണ്ട്.
ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനമുണ്ട്. നഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമംഗലം വാർഡുകൾക്കാണ് ഹർത്താൽ ബാധകം.