Kerala

ഖജനാവിലെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അനുവദിക്കില്ല; വിമര്‍ശനവുമായി വി. ഡി. സതീശന്‍

കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങള്‍ക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഈ നീക്കം. സ്വന്തം പാര്‍ട്ടിക്കാരെ വളണ്ടിയര്‍മാരാക്കി സര്‍ക്കാരില്‍ നിന്ന് ശമ്പളം നല്‍കി ഇതുവരെയുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ലഘുലേഖകളാക്കി ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ വിരോധമില്ല. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാര്‍ട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും. പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തില്‍ അഭിപ്രായം ചോദിക്കാന്‍ പോകുന്നത്? ഇതുവരെയുള്ള സര്‍ക്കാരിന്റെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പാര്‍ട്ടിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇത് നടത്തുന്നത്. പാര്‍ട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നല്‍കിയിട്ടുണ്ട്. അതിന് തെളിവുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താന്‍ സിഐടിയുവും കത്ത് നല്‍കിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല. കോടതി ഉത്തരവ് അനുസരിച്ച് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാര്‍ട്ടിക്കാരെ ഖജനാവില്‍ നിന്ന് പണമെടുത്ത് സഹായിക്കാന്‍ സിപിഎം നടത്തുന്ന ശ്രമമാണിത്. ഈ പരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് വിനയപൂര്‍വം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും ആ പണം പാര്‍ട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button