
ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
വിങ് കമാന്‍ഡറുടെ വീരമൃത്യുവിനുശേഷം നടന്ന വ്യോമ അഭ്യാസം പ്രകടനങ്ങളെല്ലാം അദ്ദേഹത്തിന്‍റെ കഴിവിനും സേവനത്തിനും ആദരം അർപ്പിക്കുന്നതായിരുന്നു. എയർഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി സംസാരിച്ചാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും ദുബായ് എയര്‍ഷോ സംഘാടകര്‍ വിശദീകരിച്ചു.
മറ്റുള്ളവരുമായി ചർച്ച ചെയ്തശേഷം വിങ് കമാൻഡർ നമൻഷ് സ്യാലിനും ഏവിയേഷൻ മേഖലയോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തോടും ആദരമർപ്പിച്ച് പ്രകടനം തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ആദരമർപ്പിച്ച് ഔദ്യോഗിക ചടങ്ങും നടന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.




