നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരി കേസ്: പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കും

നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരി കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. ഷൈനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടായിരിക്കും കോടതിയില്‍ നല്‍കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (FSL) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കേസില്‍ കുറ്റംസാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഈ മാസം അവസാനം നോര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ചാടി രക്ഷപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ലഹരി ഉപയോഗിച്ചതായി ആരോപിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ നടന്‍ ലഹരി ഉപയോഗിച്ചതായി തെളിയുന്ന കണ്ടെത്തലുകള്‍ ഉണ്ടായില്ല.
കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. ഹോട്ടലില്‍ മുറിയെടുത്ത ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമാണ് കേസിന്റെ അടിസ്ഥാനമായിരുന്നത്. എന്നാല്‍ പരിശോധനാഫലങ്ങള്‍ നടന് അനുകൂലമായതോടെ കേസ് തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.




