News

ഒടുവിൽ തീരുമാനം വന്നു , ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും ; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്

തൃശൂര്‍: കിഴക്കുംപാട്ടുകരയിൽ നിന്നും വിജയിച്ച തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. എ പ്രസാദ് ഡെപ്യൂട്ടി മേയറുമാകും. പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടേം വ്യവസ്ഥ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും ഇപ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു. ഉചിതമായ തീരുമാനം അതാത് സമയത്ത് ഉണ്ടാകും. ആരെയും ഒഴിവാക്കിയിട്ടില്ല. 19 വനിത കൗൺസിലർമാരുണ്ട്. എല്ലാവരും അർഹരാണ്. എന്നാല്‍ മാനദണ്ഡങ്ങൾ എല്ലാം അനുസരിച്ചാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കൂട്ടായി ഒരു പേരിലേക്ക് എത്തിയതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയുടേതാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” എന്ന് പറയുന്നത് പോലെ എന്റെ സമയം ഇപ്പോഴാണ്. 27 വർഷത്തെ കാത്തിരിപ്പായിരുന്നു എന്ന് പറയാമെന്നും ഡോ.നിജി ജസ്റ്റിൻ പറഞ്ഞു . ക്രിസ്മസ് ദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു സന്തോഷ വാർത്ത വന്നതിൽ സന്തോഷമുണ്ട്. കിഴക്കുംപാട്ടുകരയിലെ വോട്ടർമാർക്ക് നന്ദിയുണ്ടെന്നും കോർപ്പറേഷനിൽ കൂട്ടായ പ്രവർത്തനം ഉണ്ടാകുമെന്നും നിജി ജസ്റ്റിൻ പറഞ്ഞു. 100 വർഷത്തിന് ശേഷമാണ് തൃശൂർ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഡോക്ടർ എത്തുന്നത്. അതും ഇരട്ടി മധുരമാണ്. 5 വർഷം കൊണ്ട് തൃശൂർ നഗരത്തിന്റെ വികസനത്തിന് പുതിയ മുഖം ഉണ്ടാകുമെന്നും നിജി ജസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button