Blog

വാഗ്ദാനം ചെയ്തതിൽ 1 പവൻ കുറഞ്ഞു, ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നവവധു ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം മാത്രം, സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. 22കാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ ജീവനൊടുക്കിയത്. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു.

ഗജേന്ദ്രൻ എന്നയാളുടെ മകളാണ് ലോകേശ്വരി. അഞ്ച് പവൻ സ്വ‍ർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ രക്ഷിതാക്കൾ സമ്മതിച്ചത്. എന്നാൽ നാല് പവനും ബൈക്കും നൽകിയ ലോകേശ്വരിയുടെ മാതാപിതാക്കൾ ഒരു പവൻ നൽകാൻ സാവകാശം ചോദിച്ചിരുന്നു. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ ലോകേശ്വരിക്ക് ഭർതൃ മാതാവും ഭർത്താവിന്റെ സഹോദരന്റെ ഭാര്യയും 22കാരിയോട് ശേഷിക്കുന്ന സ്വ‍ർണവും എയർ കണ്ടീഷണറും വീട്ടിലേക്കുള്ള സാധനങ്ങളും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് ആരോപണം. ലോകേശ്വരിയുടെ ഭർത്താവിന്റെ സഹോദരന് 12 പവൻ സ്വ‍ർണം സ്ത്രീധനമായി ലഭിച്ചെന്നും സമാനമായ രീതിയിൽ സ്വർണം വേണെന്നുമാണ് 22കാരിയോട് ഭർതൃ കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ ആരോപണം ലോകേശ്വരിയുടെ ഭർതൃകുടുംബം നിഷേധിച്ചിട്ടുണ്ട്.

ലോകേശ്വരിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. ജൂൺ 27നായിരുന്നു 22 കാരിയുടെ വിവാഹം. രണ്ട് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ചെന്നൈയിലേത്. നൂറ് പവനും വോൾവോ കാറുമടക്കം നൽകിയിട്ടും സ്ത്രീധനത്തേ ചൊല്ലിയുള്ള ഭർതൃ വീട്ടുകാരുടെ പീഡനത്തേ തുടർന്ന് രണ്ട് ദിവസം മുൻപാണ് തിരുപ്പൂർ സ്വദേശിയായ റിധന്യ ജീവനൊടുക്കിയത്. ഏപ്രിൽ മാസത്തിലായിരുന്നു റിധന്യയുടെ വിവാഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button