
ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാൻ ഈ മേഖലയിൽ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് ‘ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന’ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്ക് മേഖലയിലൂടെയാണ്’ എന്ന് പാകിസ്ഥാൻ ഓർക്കണമെന്നും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. റാൻ ഓഫ് കച്ചിലെ 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമായ സർ ക്രീക്ക്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്.
പാകിസ്ഥാൻ ഈ പ്രദേശത്തോട് ചേർന്ന് സൈനിക അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചത് അവരുടെ താത്പര്യങ്ങൾ എന്താണെന്ന് വെളിവാക്കുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ‘സ്വാതന്ത്ര്യത്തിന് ശേഷം 78 വർഷം പിന്നിടുമ്പോഴും, സർ ക്രീക്കിലെ അതിർത്തി തർക്കം പാകിസ്ഥാൻ ഉന്നയിക്കുകയാണ്. ഇന്ത്യ ഈ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ അതിന് തയ്യാറായിട്ടില്ലെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. സർ ക്രീക്ക് മേഖലയിലെ പാകിസ്ഥാന്‍റെ ഉദ്ദേശങ്ങളിൽ വ്യക്തതയില്ലെന്നും ഇന്ത്യയെ പ്രകോപിപ്പിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇന്ത്യൻ സൈന്യവും ബി എസ് എഫും ചേർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. സർ ക്രീക്കിൽ പാകിസ്ഥാൻ ഏതെങ്കിലും സാഹസിക നീക്കം നടത്തിയാൽ, അതിന് ശക്തമായ മറുപടി ലഭിക്കും’ – രാജ്നാഥ് വിവരിച്ചു. 1965 ലെ ഇന്ത്യ – പാകിസ്ഥാൻ യുദ്ധംഓർമിപ്പിച്ച രാജ്നാഥ് സിംഗ്, ഇന്ത്യൻ സൈന്യം ലാഹോർ വരെ മുന്നേറിയ ചരിത്രവും ചൂണ്ടിക്കാട്ടി. ‘കറാച്ചിയിലേക്കുള്ള ഒരു വഴി ഈ ക്രീക്കിലൂടെയാണെന്ന് പാകിസ്ഥാൻ മറക്കരുത്, എന്തെങ്കിലും സാഹസത്തിന് പാകിസ്ഥാൻ മുതിർന്നാൽ കനത്ത തിരച്ചടിയാകും അവരെ കാത്തിരിക്കുന്നത്’ – എന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അതേസമയം പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധകലാപം ആളിക്കത്തുകയാണ്. വിവിധ ഇടങ്ങളിൽ നിന്ന് മുസഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തി പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവെച്ചു. ഇതുവരെ നടന്ന പൊലീസ് അതിക്രമത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. പ്രധാന റോഡുകൾ ഉപരോധിച്ച് പ്രതിഷേധം തുടരുകയാണ്. പലയിടങ്ങളിലും ജനജീവിതം സ്തംഭിച്ചു. അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ജമ്മു കശ്നീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം തുടങ്ങിയത്. മുസഫറാബാദിലേക്കുള്ള മാർച്ച് തടയാനായി പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ നദിയിലേക്ക് പ്രതിഷേധക്കാർ തള്ളിയിട്ടു. നിലവിൽ സങ്കീർണസാഹചര്യം ഇവിടെ തുടരുകയാണ്.


