ട്രംപിന്റെ അന്ത്യശാസനം: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണം; ഇല്ലെങ്കിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കും

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്ന തിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ ഏതാണ്ട് നിലച്ചിരിക്കുകയാണ്. അതേസമയം ഹോർമുസ് കടലിടുക്ക് യുഎസിനും സഖ്യകക്ഷികൾക്കും ഒഴികെയുള്ള എല്ലാവർക്കും തുറന്നിട്ടുണ്ടെന്ന് ഇറാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞത് കപ്പലുകൾക്ക് സുരക്ഷിതമായ വഴി തേടി നിരവധി രാജ്യങ്ങൾ തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ്.
അതിനിടെ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും രഹസ്യ ചർച്ചകൾക്ക് ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം. യുദ്ധം കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചർച്ച നടത്താനാണ് കുഷ്നറോടും വിറ്റ്കോഫിനോടും ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ‘അബ്രഹാം കരാറുകൾക്ക്’ നേതൃത്വം നൽകിയ വ്യക്തിയാണ് കുഷ്നർ.




