തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനെ തേടി ഡോഗ് സ്‌ക്വാഡ് രംഗത്ത്

തൃശൂര്‍: തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കഴിഞ്ഞ രാത്രി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താനുള്ള തിരച്ചില്‍ തീവ്രമാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തുള്ള പ്രദേശങ്ങളില്‍ ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ച് പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്.
ഡോഗ് സ്‌ക്വാഡിലെ ജിപ്‌സി എന്ന നായയുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ബാലമുരുഗന്റേതെന്ന് സ്ഥിരീകരിച്ച ചെരുപ്പ് ഉപയോഗിച്ചാണ് നായയുടെ തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനിടെ നായ പെട്രോള്‍ പമ്പ് വരെയെത്തിയെങ്കിലും പിന്നീട് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.
വിയ്യൂര്‍ ജയിലില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ബാലമുരുകന്‍ കഴിഞ്ഞ രാത്രി ഒമ്പതരയോടെ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതി രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതി ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്തിയതിലും കൈവിലങ്ങ് മാറ്റിയതിലും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയ സമയത്താണ് ബാലമുരുകന്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.




