പേവിഷബാധയേറ്റ് മരിച്ച കുട്ടിക്ക് വാക്സിൻ കൃത്യമായി നൽകിയെന്നും ജീവതത്തിലേക്ക് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു. കടി കിട്ടിയ ഭാഗം ഉണങ്ങിയിരുന്നു. പക്ഷെ, നായയുടെ കടി ശക്തമായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ആഴത്തിൽ മുറിഞ്ഞിരുന്നു. പ്രതിരോധ വാക്സിൻ എത്തുന്നതിന് മുമ്പ് തലച്ചോറിനെ ബാധിച്ചു. കയ്യിലും, മുഖത്തും നായ കടിച്ചാൽ നേരിട്ട് തലച്ചോറിനെ ബാധിച്ചേക്കാം. കുഞ്ഞുങ്ങളിൽ അതിനുള്ള സാധ്യത കൂടുതലാണ്. വാക്സിൻ്റെ ഫെയിലിയർ എന്ന് പറയാനാവില്ല. ആൻ്റി ബോഡി ഫോം ചെയ്യുന്നതിന് മുമ്പ് തലച്ചോറിൽ വിഷബാധയെത്തി. കഴുത്തിൽ ആഴത്തിൽ കടിയേറ്റവർ രക്ഷപ്പെട്ട ചരിത്രമുണ്ടെന്നും ഡോ. ബിന്ദു വ്യക്തമാക്കി. വാക്സിൻ വളരെ ഫലപ്രദാണെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പത്തനാപുരം സ്വദേശിയായ നിയ ഫൈസലാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തി ഐഡിആർവി ഡോസ് എടുക്കുകയും ചെയ്തിരുന്നു. മെയ് ആറിന് അവസാന വാക്‌സിൻ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.