Kerala

കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്; ജഡ്ജി ഹണി എം. വര്‍ഗീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നല്‍കിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളില്‍ തനിക്ക് പ്രശ്‌നമില്ല. എന്നാല്‍, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും.

കേസിന്റെ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുണ്‍ സക്‌സേന vs യൂണിയന്‍ ഓഫ് ഇന്ത്യ’ കേസില്‍ സുപ്രീം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് എടുത്തുപറഞ്ഞു. എന്നാല്‍, കേസിലെ റിപ്പോര്‍ട്ടിംഗില്‍ പലപ്പോഴും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button