NationalNews

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെ പിന്തുണച്ച് ഡി എം കെ രംഗത്ത്

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെ പിന്തുണച്ച് ഡി എം കെ രംഗത്ത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡി എം കെ വക്താവ് ടി ആർ ബാലു വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന റിപ്പോർട്ടിനിടെയാണ് ഡി എം കെയുടെ നിർണായക നിലപാടെന്നത് ശ്രദ്ധേയമാണ്. ഇ ഡി നീക്കം ഗുജറാത്തിലെ എ ഐ സി സി സമ്മേളനം കാരണമെന്നും ഡി എം കെ അഭിപ്രായപ്പെട്ടു. റായ്പൂർ സമ്മേളനത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ റെയ്ഡ് ഉണ്ടായെന്നും ടി ആർ ബാലു ചൂണ്ടികാട്ടി. ഇപ്പോഴത്തെ ഇ ഡി നീക്കങ്ങൾ ഇതിന് സമാനമാണെന്നും ഡി എം കെ അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ സഖ്യകക്ഷി പോലെ ഇ ഡി പ്രവർത്തിക്കുന്നുവെന്നും ടി ആർ ബാലു വിമർശിച്ചു. കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ കേന്ദ്ര സർക്കാർ ധൈര്യം കാണിക്കണം. കോൺഗ്രസിനെതിരെ ഇപ്പോൾ നടക്കുന്നത് ലജ്ജാകരമായ രാഷ്ട്രീയ പ്രതികാരമെന്നും ഡി എം കെ വിമർശിച്ചു. ഡി എം കെ പ്രതികരണം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ്. ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ മൗനം ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കിയതിന് പിന്നാലെ ആണ്‌ കടുത്ത ബി ജെ പി വിമർശനവുമായി ഡി എം കെ രംഗത്തെത്തിയത്. ഇക്കാര്യത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട് എന്താണെന്നത് കണ്ടറിയണം.

അതേസമയം റോസ് അവന്യൂ കോടതിയിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോൺഗ്രസ് തീരുമാനം. ഉയര്‍ന്ന കോടതികളിലേക്ക് തല്‍ക്കാലം പോകേണ്ടെന്നും കോൺഗ്രസിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം. കുറ്റപത്രം ദില്ലിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കുന്ന 25 ന് രാജ്യവ്യാപകമായി ഇ ഡി ഓഫീസുകള്‍ ഉപരോധിക്കാനാണ് നീക്കം. ദില്ലിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കും. മറുവശത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച് ബി ജെ പിയും നീക്കങ്ങൾ ശക്തമാക്കുകയാണ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഴിമതി ഇ ഡി പിടിച്ചുവെന്ന പ്രചാരണം ദില്ലിയില്‍ വ്യാപകമാക്കാന്‍ വാഹനജാഥയടക്കം സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് മാസത്തിനപ്പുറം തെരഞ്ഞടുപ്പ് നടക്കുന്ന ബിഹാറിലും ബി ജെ പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button