കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ അതൃപ്തി

സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ കടുത്ത അതൃപ്തി. വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയുടെ അടിയന്തര ഹൈ പവര്‍ കമ്മിറ്റി യോഗം നാളെ ചേരും. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് യോഗം നടക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മത്സരിച്ച സീറ്റുകള്‍ നല്കാന് തയ്യാറാണെങ്കില്‍, തങ്ങള്‍ക്കും അതിന് അവകാശമുണ്ടെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത്തവണയും പത്ത് സീറ്റ് തന്നെ വേണമെന്ന ആവശ്യത്തില്‍ നേതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.
സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നത്. അതിനാല്‍ തന്നെ സീറ്റ് ചര്‍ച്ചകളാകും നാളത്തെ ഹൈ പവര്‍ കമ്മിറ്റി യോഗത്തിലെ മുഖ്യ അജണ്ട.
എറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുത്ത് അവിടെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ വലിയ വിജയം നേടാമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് സൂചന.




