Kerala

അനധികൃത സ്വത്ത് കേസ്: കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിന് ആശ്വാസം. സിബിഎ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. സമാനമായ കേസിലെ സര്‍ക്കാര്‍ അനുമതി വാങ്ങുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി മുന്‍ ഉത്തരവ് കൂടി കണക്കിലെടുത്താണ് കോടതി വിധി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം എബ്രഹാം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അഴിമതി നിരോധനനിയമ പ്രകാരം പൊതുസേവകന്റെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും എബ്രഹാം വാദിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്ക് അടിസ്ഥാനം. സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമെടുക്കുന്നത് വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കെ എം എബ്രഹാം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സാധാരണ ഇത്തരം കേസുകളില്‍ അന്വേഷണമാകാം, അന്വേഷണം കഴിഞ്ഞതിനു ശേഷം, കുറ്റപത്രം നല്‍കുന്ന സമയത്ത് അനുമതി ഉണ്ടോയെന്ന് പരിശോധിച്ചാല്‍ മതിയെന്ന് കോടതി അഭിപ്രായപ്പെട്ടു. എബ്രഹാമിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആര്‍ സ്റ്റേ ചെയ്യുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button