ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രേഖാമൂലം താക്കീത് ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ചയിൽ സര്‍ക്കാരിന് സഹായകരമായ നിര്‍ദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കീത്. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന അടക്കം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന് നിര്‍ദ്ദേശം ആര്‍ ചന്ദ്രശേഖരനാണ് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയിൽ മുന്നോട്ട് വെച്ചതെന്ന് സമരസമിതി പറഞ്ഞിരുന്നു.
എന്നാൽ, ഇത് കളവെന്നായിരുന്നു ചന്ദ്രശേഖരന്‍റെ വാദം. സമരത്തെ കോണ്‍ഗ്രസും യുഡിഎഫും പിന്തുണയ്ക്കുമ്പോള്‍ വിരുദ്ധ നിലപാട് എടുത്ത ചന്ദ്രശേഖരനെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് പിന്നാലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കെ.സുധാകരനെ നേരിട്ട് കണ്ട് ചന്ദ്രശേഖരൻ വിശദീകരണവും നൽകി. ഇത് തള്ളിക്കൊണ്ടാണ് നേതാക്കളുടെ കൂട്ടായ തീരുമാന പ്രകാരവും എഐസിസി അനുമതിയോടെയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റിനെ കെപിസിസി പ്രസിഡന്‍റ് താക്കീത് ചെയ്തത്. പാര്‍ട്ടി നിലപാടിനൊപ്പം നിൽക്കാൻ ഉത്തരവാദിത്തപ്പെട്ട വ്യക്തിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു. മേലിൽ ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുതെന്നാണ് താക്കീത്.
സമരത്തോട് തുടക്കം മുതൽ നിഷേധാത്മക നിലപാടാണ് ചന്ദ്രശേഖരന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പാര്‍ട്ടിയുടെ വിമര്‍ശനം. നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് സമരത്തെ പിന്തുണച്ചെങ്കിലും ചര്‍ച്ചയിൽ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സമീപനമെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കിയ ചന്ദ്രശേഖരൻ ആശ വര്‍ക്കര്‍മാരെ സഹായിക്കാൻ മാത്രമാണ് ശ്രമിച്ചതെന്ന് വിശദീകരിച്ചു. കെപിസിസി പ്രസിഡന്‍റുമായി കഴിഞ്ഞ ദിവസം സംസാരിച്ചെന്നും ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു.