ശബരിമലയിലെ പീഠം കാണാതായതില്‍ ഗൂഢാലോചന സംശയിക്കുന്നു;വി എന്‍ വാസവന്

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം പരാതി നല്കിയ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്. ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്ന പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. നാലര വര്‍ഷം ഒളിപ്പിച്ച് വച്ച് കണ്ടില്ലെന്ന് പറയുന്ന നിലയാണുള്ളതെന്നും മന്ത്രി അറിയിച്ചു.
വിഷയം കോടതിയുടെ മുന്നിലാണ്. പീഠം കണ്ടെത്തിയ വിവരം ഉള്‍പ്പെടെ ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോടതി നിര്‍ദേശിക്കുന്ന വിധത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. പീഠം മഹസറില്‍ രേഖപ്പെടുത്താത് ഉള്‍പ്പെടെ പരിശോധിക്കും. ഇപ്പോഴുണ്ടായ വിഷയത്തില്‍ വിജിലന്‍സ് എസ് പി റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും എന്നും മന്ത്രി അറിയിച്ചു.
അതേസമയം, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.



