Blog

രഞ്ജിത്ത് റിമാൻഡിൽ; കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച പരിഗണിക്കും; ‘എല്ലാം തെളിയും’ എന്ന് സംവിധായകൻ

കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം, എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് നിന്ന് ഇന്നലെ രാത്രി പിടികൂടിയ രഞ്ജിത്ത് രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ld ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്‌ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു. രാവിലെ ഏഴ് മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചാണ് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും.

അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് നടി പരാതി നൽകിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരെയടക്കം ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഉന്നതരാരും കേസിൽ ഇടപെടാൻ തയാറായില്ല എന്നും വിവരമുണ്ട്. യുവനടിയോട് രഞ്ജിത് കാരവനിൽ വച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസികാഘാതത്തിലായ അതിജീവിത കഴിഞ്ഞയാഴ്ച നേരിട്ടെത്തി പരാതി നൽകുകയായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button