അബദ്ധം പറ്റി’; പമ്പയിലെ സിനിമാ ഷൂട്ടിങ്ങില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴി

‘പത്തനംതിട്ട: മകരവിളക്ക് ദിവസം പമ്പയില്‍ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ച സംഭവം അബദ്ധമെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍. പത്തനംതിട്ട പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തി നല്‍കിയ മൊഴിയിലാണ് അനുരാജ് മനോഹര്‍ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അനുരാജ് അറിയിച്ചു.
എന്നാല്‍, സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വനം വകുപ്പ് നോട്ടീസ് നല്‍കി വിളിപ്പിച്ചത് പ്രകാരമാണ് അനുരാജ് മനോഹര്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഹാജരായത്.
‘ഞങ്ങൾ യാത്ര തുടരട്ടെ’; കെഎസ്ആർടിസി യാത്രയുടെ ഹൃദയസ്പർശിയായ ദൃശ്യാനുഭവവുമായി മോഹന്‍ലാല്‍; ഹ്രസ്വചിത്രം പൂര്‍ത്തിയായി
അനുമതിയില്ലാതെ പമ്പ പ്രദേശങ്ങളില്‍ മകരവിളക്ക് ദിവസം സിനിമ ചിത്രീകരിച്ചെന്ന പരാതിയില്‍ നേരത്തെ വനം വകുപ്പ് കേസെടുത്തിയിരുന്നു. വനത്തില്‍ അതിക്രമിച്ചു കയറിയെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് നടപടി. റാന്നി ഡിവിഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികള്‍ക്ക് തടസമുണ്ടാക്കി എന്നതില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
അനുമതി നിഷേധിച്ചിട്ടും ശബരിമലയില്‍ ഷൂട്ടിങ് നടന്നതായി ദേവസ്വം അധ്യക്ഷന്‍ കെ. ജയകുമാറിന് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നായിരുന്നു അനുരാജ് മനോഹര്‍ അറിയിച്ചത്.



