Blog

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ പിടിയിൽ

ചെന്നൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ നബീൽ, ഹാരിസ്, മുഹമ്മദ് റമീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ തട്ടിയെടുത്തതാണ് ഇവർക്കെതിരെ ഉള്ള പരാതി.

സംഭവം ഏപ്രിൽ 18-നാണ് നടന്നത്. തമിഴ്നാട് സർക്കാരിൽ നിന്ന് വിരമിച്ച മുൻ ചീഫ് എൻജിനീയർക്കാണ് അജ്ഞാതരിൽ നിന്ന് ഫോൺ കോൾ ലഭിച്ചത്. ആധാർ കാർഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടന്നതായി പറഞ്ഞ സംഘം, അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി.

രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ഭയന്ന് 30 ലക്ഷം രൂപ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ ആറു ലക്ഷം രൂപ മലയാളി പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലടക്കം സമാനമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button