National

ധർമ്മസ്ഥല ഗൂഢാലോചന കേസ് ;അന്വേഷണം കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണത്തിൽ പ്രത്യേക സംഘത്തിന് തിരിച്ചടി. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണം കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 12ന് ഈ ഹർജിയിൽ വിശദമായ വാദം നടക്കും വരെയാണ് കർണാടക ഹൈക്കോടതി അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് 9 തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും പത്താമത്തെത് 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാൽവർ സംഘം ഹൈക്കോടതിയിൽ എത്തിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമർശിച്ചു.

ധ‍ർമസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നാണ് മഹേഷ് ഷെട്ടി തിമരോടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലായിരുന്നു നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button