KeralaNews

കാട് കാക്കാന്‍ ദമ്പതികള്‍; വീട്ടിലിരുന്ന് ഒരുമിച്ച് പഠിച്ച സതീഷും ധനിലയും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി

തൃശൂര്‍: പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേറ്റെടുക്കുന്ന 460 ബീറ്റ് ഓഫീസര്‍മാരുടെ കൂട്ടത്തില്‍ ദമ്പതികളും. വയനാട് പുല്‍പ്പള്ളി സ്വദേശികളായ സതീഷ് കുമാറും ധനിലയുമാണ് വനംവകുപ്പില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെയും ചരിത്രത്തിന്റെയും ഭാഗമാവുകയാണ് ഇരുവരും.

കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗത്തില്‍നിന്ന് 460 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് ചുമതലയേല്‍ക്കുന്നത്. വയനാട് പുല്‍പ്പള്ളി സ്വദേശികളാണ് സതീഷും ധനിലയും. എല്‍കെജി വിദ്യാര്‍ഥിയായ ഭവന്‍ വൈഭവാണ് മകന്‍. കാടിനെ അറിയുന്നവര്‍ക്കുതന്നെ കാട് കാക്കാനുള്ള ചുമതല ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍.

സ്വന്തമായി ജോലിചെയ്ത് വരുമാനം കണ്ടെത്തണമെന്ന ആഗ്രഹത്തിലായിരുന്നു ധനില. ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്ന ഉടന്‍ അപേക്ഷിച്ചു. തുടര്‍ന്ന് പിഎസ്സി പരിശീലന ക്ലാസിനും പോയിത്തുടങ്ങി. പിന്നീട് വീട്ടിലിരുന്ന് ഒരുമിച്ചുള്ള പഠനവും.

സതീഷ് കുറുവാദ്വീപില്‍ ഇക്കോ ടൂറിസം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ആദ്യ ശ്രമത്തില്‍ത്തന്നെ ഇരുവരും ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. മകന്‍ ഭവന്‍ വൈഭവിനെ ധനിലയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് പരിശീലനത്തിന് പോയത്.

സതീഷ് ബത്തേരി വൈല്‍ഡ്ലൈഫ് പൊന്‍കുഴി സെക്ഷനിലും ധനില ചെതലത്ത് റേഞ്ച് ഇരളം ഫോറസ്റ്റ് സ്റ്റേഷനിലുമാണ് ഫോറസ്റ്റ് ഓഫീസറായി ചുമതലയേല്‍ക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button