KeralaNews

ശബരിമലയില്‍ ഭക്തജന സഹായ നിധി രൂപീകരിക്കും; വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ 5 രൂപ സംഭാവന സ്വീകരിക്കും

ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ ക്ഷേമത്തിനായി പ്രത്യേക ഭക്തജന സഹായ നിധി രൂപീകരിക്കുന്നു. സുമനസ്സുകളില്‍ നിന്നും അയ്യപ്പഭക്തരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ് സഹായ നിധി രൂപീകരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ താല്‍പര്യമുള്ളവര്‍ക്ക് 5 രൂപ ഭക്തജന സഹായ നിധിയിലേക്ക് സംഭാവന നല്‍കാം. ഇത് നിര്‍ബന്ധമല്ല.

ശബരിമല തീര്‍ത്ഥാടനത്തിനിടയില്‍ അപകടത്തില്‍പ്പെടുന്ന ഭക്തര്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. അപകടത്തില്‍ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍ 5 ലക്ഷം രൂപ ഇന്‍ഷ്വറസ് തുക ആയി ലഭിക്കും. ഈ പദ്ധതിയുടെ പ്രീമിയം തുക മുഴുവന്‍ നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് അടയ്ക്കുന്നത്. എന്നാല്‍ ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്ന സ്‌കീമുകള്‍ നിലവിലില്ല.

2011-ലെ പുല്ലുമേട് ദുരന്തത്തിന് ശേഷം സുമസ്സുകളില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നും തുക സ്വീകരിച്ച് ഒരു ഭക്തജന സഹായ നിധി രൂപീകരിക്കണമെന്ന് ബഹു.കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. പ്രസ്തുത കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തജനങ്ങളില്‍ അസുഖം മൂലം മരണപ്പെടുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടത്തക്ക രീതിയില്‍ ഭക്തജന സഹായ നിധി രൂപീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. അതിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ താല്‍പര്യമുള്ളവരില്‍ നിന്ന് 5/- രൂപ ഈടാക്കും.

സുമനസ്സുകളില്‍ നിന്നും സഹായം സ്വീകരിക്കും. ഇങ്ങനെ സമാഹരിക്കുന്ന തുക ഭക്തജന സഹായ നിധിയായി ദേവസ്വം കമ്മീഷണറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കും. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം പോലെയുള്ള അസുഖങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ക്ക് ഭക്തജന സഹായ നിധിയില്‍ നിന്നും 3 ലക്ഷം രൂപ വീതം നല്‍കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള മലകയറ്റത്തിനിടെ മരിച്ചവരുടെ എണ്ണം യഥാക്രമം 44, 49 എന്നിങ്ങനെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button