ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല: ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ

ഡൽഹി : ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ജയശ്രീ സത്യവാങ്മൂലത്തിൽ പറയുന്നത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയതെന്നും ജയശ്രീ പറയുന്നു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് ജയശ്രീ വിശദീകരിക്കുന്നു. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും എസ് ജയശ്രീ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേര്‍ത്തു. കേസിൽ സുപ്രീംകോടതിയുടെ പരിഗണന തുടരുകയാണ്.




