Kerala

ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാര പാലക ശില്‍പവുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള ആരോപണങ്ങളില്‍ പരാതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം കമ്മീഷണര്‍ പരാതി നല്‍കിയത്. സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം അപഹരിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. സ്വര്‍ണപ്പാളി മോഷണം സംബന്ധിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍.

സ്വര്‍ണപ്പാളി വിഷയത്തില്‍ ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവെച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

അതേസമയം, ശബരിമലയിലെ സ്വര്‍ണത്തില്‍ തിരിമറി നടന്നുവെന്ന് വ്യക്തമാക്കി കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ വിഷയത്തില്‍ തുടക്കം മുതലേ സ്വീകരിച്ച നിലപാടാണ് ശരി എന്ന് തെളിയിക്കുന്നതാണ് കോടതി ഉത്തരവ്. കുറ്റം ചെയ്ത വരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമയ പരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്നതാണ് വിശ്വാസമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ശബരിമലയിലെ സ്വത്തുക്കള്‍ ആര് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരും അതിനു കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണമെന്നാണ് തുടക്കം മുതലേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈകൊണ്ട നിലപാട്. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സത്യം പുറത്തു വരുന്നവരെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം മുന്നൊരുക്കങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടുപോകുന്ന വേളയില്‍ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button