KeralaNews

പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരും ; മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്: സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നും, വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയതിൽ പ്രധാന പങ്കുവഹിച്ചത് പാനൽ വോട്ടുകളാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. കൂടാതെ ഫിലിം ചേംബർ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണ്. മികച്ച വോട്ടുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിർമ്മാതാവിന് 5 – 6 വോട്ടുകൾ വരെ ചെയ്യാൻ കഴിഞ്ഞു, എന്നാൽ എനിക്ക് ലഭിച്ച വോട്ടുകളെല്ലാം വ്യക്തിഗത വോട്ടുകളായിരുന്നു.” സാന്ദ്ര തോമസ് പറഞ്ഞു. അതേസമയം മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിനെ കുറിച്ചതും സാന്ദ്ര തോമസ് പ്രതികരിക്കുകയുണ്ടായി. സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ വരണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ പുരുഷന്മാരുടെ ശബ്ദമാവാൻ വേണ്ടിയാവരുത് അവരുടെ വിജയമെന്നും പറഞ്ഞ സാന്ദ്ര തോമസ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായ ഷേർഗ സന്ദീപ് അത്തരത്തിലുള്ള ഒരാളാണെന്നും കുറ്റപ്പെടുത്തി.

സാന്ദ്ര തോമസ് തുടങ്ങിവെച്ച ആരോപണങ്ങൾക്ക് പിന്നാലെ വിവാദങ്ങളും അനിശ്ചിതാവസ്ഥയും മറ്റും നിറഞ്ഞതായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തീരുമാനിച്ചെങ്കിലും നാമനിർദ്ദേശ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. എന്നാൽ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റായി ബി. രാകേഷ്, സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് വിജയിച്ചത്. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആൽവിൻ ആന്‍റണി, എംഎം ഹംസ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും എൻപി സുബൈർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മാധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിച്ചുവെന്നും, കുടുംബത്തെ വരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും സ്ഥാനമൊഴിഞ്ഞ ഭാരവാഹി ജി. സുരേഷ്‌കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button