News

ഡൽഹി സ്ഫോടനം ; കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവടക്കം 5 പേരെ തിരിച്ചറിഞ്ഞു

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവ മറ്റുള്ളവര്‍ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്. അതേസമയം ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പൊലീസ് പരിശോധന നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ പൊലീസ് സംഘം പരിശോധിച്ചു. പരിശോധനയിൽ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.

വൈകുന്നേരം ഏറെ തിരക്കുള്ള സമയത്ത് ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിലായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തിയ ഹ്യൂണ്ടായത് ഐ 20 കാര്‍ വൈകുന്നേരം 6.55ഓടെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button