ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്ത് കസ്റ്റഡിയിൽ. പുൽവാമ സ്വദേശി ഡോക്ടർ സജാദ് ആണ് കസ്റ്റഡിയിൽ ആയത്. ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിലെടുത്തതായി ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. അതേസമയം, താരിഖിൽ നിന്ന് ഉമർ വാഹനം വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വാഹനം പുക പരിശോധനയ്ക്ക് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം, ഡോ ഷഹീന് ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ഡൽഹി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ഫരീദാബാദ് കേസിൽ പ്രതിയായ ഷഹീനെ ഇന്നലെ ലക്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ (Alfalah University ) സർവകലാശാലയിൽ പരിശോധന നടന്നുവരികയാണ്. ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.
പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്
ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പൊലീസ്. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ദില്ലിയിലേക്ക് കടന്ന കാർ 8.30 ഓടെ ഓഖ്ല പെട്രോൾ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം നിന്നു. പിന്നീട് വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം സെൻട്രൽ ഓൾഡ് ദില്ലിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോർട്ട് പാർക്കിംഗിലെത്തി. ആറരയോടെയാണ് സിസിടിവിയിൽ പതിഞ്ഞ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുന്നത്. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.




