NationalNews

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത്‌ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി രേഖാഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സില്‍ കുറിച്ചു. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ മുഖ്യമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു.

ദുരിതബാധിതരായ ഓരോ കുടുംബത്തോടും ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. പരിക്കേറ്റ എല്ലാവര്‍ക്കും സാധ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഡല്‍ഹിയുടെ സമാധാനവും സുരക്ഷയുമാണ് ഞങ്ങളുടെ പ്രധാന മുന്‍ഗണന. ഭരണകൂടം പൂര്‍ണ്ണമായ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു,’ രേഖാ ഗുപ്ത പറഞ്ഞു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്. 13 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20ലേറെ പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.

നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗഅട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകള്‍ തല്‍കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് ഓഫിസും അറിയിച്ചു.ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിക്കപ്പെട്ട ശ20 കാര്‍ ആക്രമണത്തിന് രണ്ട് മണിക്കൂറുകള്‍ മുന്‍പ് ചെങ്കോട്ടയോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്നുവെന്നും ഇതിന് ശേഷമാണ് കാര്‍ സുഭാഷ് മാര്‍ഗിലേക്ക് നീങ്ങിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശിക്ഷ നല്‍കുമെന്നും വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനില്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ക്കും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്കുമൊപ്പം രാജ്യം മുഴുവനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button