ഡൽഹി സ്ഫോടനം; പത്താൻകോട്ടിൽ നിന്നും ഒരു ഡോക്ടർ കൂടി പിടിയിലായി ; അറസ്റ്റിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഹരിയാനയിൽ നൂഹിലടക്കം വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. ചെങ്കോട്ട സ്ഫോടനത്തിൽ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിലാണ് കേസെടുത്തിരിക്കുന്നത്. എൻഐഎ കേസിന് പുറമേയാണിത്. അറസ്റ്റിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഹരിയാന പൊലീസ് എൻഐഎക്ക് കൈമാറി. ഇവരെ ദില്ലിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ഡോക്ടർമാരായ മുസമ്മിൽ ,ആദിൽ, ഷഹീദ എന്നിവരെയാണ് ഏജൻസി കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യും. ഇന്നലെ ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന അൽഫലാഹ് സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഭീകരൻ ഉമറിന്റെ വീട് പൊളിച്ചതിനെ വിമർശിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള രംഗത്തെത്തി. ഇത്തരം നടപടികൾ കൊണ്ട് ഭീകരവാദം അവസാനിക്കില്ല എന്ന് ഉമർ അബ്ദുള്ള പറഞ്ഞു.




