
ദീപാവലിക്ക് പിന്നാലെയുണ്ടായ വായു മലിനീകരണത്തില്‍ നിന്ന് മുക്തമാകാതെ രാജ്യതലസ്ഥാനം. ദില്ലിയിൽ വായു മലിനീകരണം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 38 നഗരങ്ങളിൽ മുപ്പതിടങ്ങളിലും ഏറ്റവും മോശം സ്ഥിതിയിലാണ് വായു മലിനീകരണതോത്. 300ആണ് ഏറ്റവും കുറഞ്ഞ വായു ഗുണനിലവാര തോതായി കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വരും ദിവസങ്ങളിലും മലിനീകരണം രൂക്ഷമാകും എന്നാണ് വിലയിരുത്തൽ.
അതേസമയം, കൃത്രിമ മഴ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്കെതിരെ കടുത്ത വിമർശനം ഉയർന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപി സർക്കാർ എന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു. 64 ലക്ഷം രൂപയാണ് ഒന്നാംഘട്ട ക്ലൗഡ് സീഡിങ്ങിനായി ദില്ലി സർക്കാർ ചെലവഴിച്ചത്.
ദീപാവലിക്ക് മുന്നോടിയായി ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം പാലിക്കപ്പെട്ടിരുന്നില്ല. പടക്കങ്ങൾ കത്തിക്കുന്നതിന് സുപ്രീംകോടതി വെച്ച് സമയപരിധിയും ലംഘിക്കപ്പെട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പടക്കങ്ങളുടെ ഉപയോഗവും കർഷകരുമാണ് ദില്ലിയെ മലിനമാക്കിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. പഞ്ചാബിനെയാണ് പ്രധാനമായും ബിജെപി കുറ്റപ്പെടുത്തിയത്. പഞ്ചാബിൽ വൈക്കോലുകൾക്ക് തീയിട്ടതാണ് ദില്ലിയിലെ മലിനീകരണത്തിന് കാരണമായതെന്ന് പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർശ ആരോപണം ഉന്നയിച്ചിരുന്നു.




