National

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പ് ഫെബ്രുവരി 5ന്

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചർച്ചയാകുന്ന പ്രതികൂല സാഹചര്യത്തിൽ ആംആദ്മി പാർട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടർമാരും, 71,73,952 സ്ത്രീ വോട്ടർമാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണൽ നടന്നു. 16ന് രണ്ടാം കെജ്രിവാൾ സർക്കാർ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ൽ 63 സീറ്റുകൾ ആംആദ്മി പാർട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി.

അഴിമതി കേസിൻറെ നിഴലിൽ നിൽക്കുമ്പോൾ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാർട്ടിക്ക് നിർണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാർട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കൾ കളം നിറഞ്ഞു കഴിഞ്ഞു.

അഴിമതി ആരോപണത്തെ മറികടക്കാൻ പതിവ് പോലെ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് പിടിച്ചു നിൽക്കാനാണ് ആംആദ്മി പാർട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികൾ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാൻ യോജന, 60 വയസിന് മുകളിലുള്ളവർക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കർണ്ണാടക, ഹിമാചൽ മോഡലിൽ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകൾക്കായി കോൺഗ്രസും വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിൻറെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button