National

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇതിനോടകം തന്നെ പത്രിക സമർപ്പിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.

അതേസമയം പൂർവഞ്ചൽ വിഭാഗത്തിൽപ്പെട്ട ആം ആദ്മി പാർട്ടി എംഎൽഎക്കെതിരെ ബിജെപി ദേശീയ വക്താവ് നടത്തിയ അധിക്ഷേപപരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു.

ദില്ലിയിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിനിർണയം പൂർത്തിയായിക്കിയിരുന്നു.

എന്നാൽ ബിജെപിയും കോൺഗ്രസും കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥികളെ മുഴുവൻ പ്രഖ്യാപിച്ചത്. 68 സീറ്റുകളിൽ ബിജെപി മത്സരിക്കുമ്പോൾ സഖ്യകക്ഷികളായ ജെഡിയുവിനും, ലോക് ജൻ ശക്തി പാർട്ടിക്കും ഓരോ സീറ്റുകൾ വിട്ടു നൽകി.

ദില്ലിയിൽ രണ്ട് സീറ്റുകളിലേക്കാണ് സിപിഐ എം മത്സരിക്കുന്നത്. ആം ആദ്മി പാർട്ടി എംഎൽഎ ക്കെതിരെ ബിജെപി ദേശീയ വക്താവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ കടുത്ത പ്രതിഷേധം ആം ആദ്മി പാർട്ടി ഉയർത്തുന്നു മാത്രമല്ല വോട്ടർമാർക്ക് ബിജെപി പരസ്യമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണവും ആം ആദ്മി പാർട്ടി ശക്തമാക്കുന്നുണ്ട്.

വരുംദിവസങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുവാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് മത്സരിക്കുന്നതിൽ ഇന്ത്യസഖ്യത്തിനുള്ളിൽ അതൃപ്തി പുകയുകയാണ്. ദില്ലിയിൽ ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button