
ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ച് ദിവസേനയെന്നോണം വാർത്ത വരാറുണ്ട്. ദീപാവലി കൂടി കഴിഞ്ഞതോടെ വളരെ മോശമായിരുന്നു രാജ്യതലസ്ഥാനത്തിന്റെ അവസ്ഥ. ഇപ്പോഴിതാ ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. ദില്ലിയിലെ ഈ മലിനീകരണം കാരണം കിട്ടിയ നല്ലൊരു സർക്കാർ ജോലി ഉപേക്ഷിച്ചതായിട്ടാണ് പോസ്റ്റിൽ പറയുന്നത്. ഫിനാൻസ് അഡ്വൈസറും കണ്ടന്റ് ക്രിയേറ്ററുമായ അക്ഷത് ശ്രീവാസ്തവയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത്, ശ്രീവാസ്തവയുടെ ഭാര്യ കിട്ടിയ ജോലി മലിനീകരണത്തെ ചൊല്ലിയുള്ള ആശങ്കകളെ തുടർന്ന് ഉപേക്ഷിച്ചതായിട്ടാണ്.
യുപിഎസ്‌സി പരീക്ഷയിൽ എട്ടാം റാങ്ക് നേടി ഇന്ത്യൻ ഇക്കണോമിക് സർവീസിൽ ഗ്രൂപ്പ് എ ഓഫീസറായി ജോലി നേടിയ തന്റെ ഭാര്യ ആ സർക്കാർ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതിന്റെ കാരണം വായു മലിനീകരണമാണ് എന്ന് പോസ്റ്റിൽ ശ്രീവാസ്തവ പറയുന്നു. ആ ജോലിയിൽ തുടർന്നാൽ ദില്ലിയിൽ തന്നെ ജീവിക്കേണ്ടി വരും. തലസ്ഥാനത്തെ രൂക്ഷമായ വായു മലിനീകരണത്തെ കുറിച്ചും ഇളയ മകന്റെ ആരോഗ്യത്തെ കുറിച്ചും ആശങ്കകൾ ഉയർന്നതോടെ ബുദ്ധിമുട്ടോടെയാണെങ്കിലും ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ആ തീരുമാനത്തിൽ ഖേദമില്ല എന്നും പോസ്റ്റിൽ പറയുന്നു.
ഈ വായു മലിനീകരണത്തിന് എന്തുകൊണ്ടാണ് പരിഹാരം കാണാത്തത് എന്ന കുറ്റപ്പെടുത്തലും ശ്രീവാസ്തവുടെ പോസ്റ്റിലുണ്ട്. ഒരു സർക്കാരും ഒന്നും മിണ്ടുന്നില്ല, പൗരന്മാർ കൂടുതലും ബ്രെയിൻവാഷ് ചെയ്യപ്പെട്ടവരാണ്, സ്വയം രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ മേലെത്തന്നെയാണ് എന്നും പോസ്റ്റിൽ പറയുന്നു. ഈ വായുമലിനീകരണം കാരണം ചിലർക്ക് ബിസിനസ് ഉപേക്ഷിക്കേണ്ടി വരുന്നു, ചിലർക്ക് സർക്കാർ ജോലി ഉപേക്ഷിക്കേണ്ടി വരുന്നു, ചിലർക്ക് പ്രൈവറ്റ് ജോലി ഉപേക്ഷിക്കേണ്ടി വരുന്നു എന്നും പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നൽകിയവരുണ്ട്. അപ്പോഴും ഡൽഹിയിലെ വായുമലിനീകരണം ഒരു പ്രധാന പ്രശ്നം തന്നെയെന്ന് പലരും അംഗീകരിച്ചു.




