ശ്വാസം മുട്ടി ഡൽഹി ; അഞ്ചാം ക്ലാസ് വരെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനാക്കി ഡൽഹി സർക്കാർ

ഡൽഹി : രാജ്യ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായതിനെത്തുടർന്ന്, ഡൽഹിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനാക്കി മാറ്റാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. നഗരത്തിലെ അന്തരീക്ഷ മലിനീകരണം ഗുരുതരം എന്ന വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്ത് ഈ തീരുമാനം. നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു.
ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരും. പരിഷ്കരിച്ച ഈ ക്രമീകരണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലനിൽക്കും. നോയിഡയിലെ ഗൗതം ബുദ്ധ് നഗർ ജില്ലാ ഭരണകൂടവും സ്കൂളുകൾക്കും കോച്ചിംഗ് സെന്‍ററുകൾക്കും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തണം. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹൈബ്രിഡ് ഫോർമാറ്റിൽ ക്ലാസുകൾ തുടരും.
ജനജീവിതം ദുസ്സഹമാക്കി കനത്ത പുകമഞ്ഞ്
ജനജീവിതം ദുസ്സഹമാക്കി ദില്ലിയിൽ കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ദില്ലിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്. ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.



