Kerala

ആർജി കർ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നൽകണം; ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ

ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ. വിചാരണ കോടതി വിധിക്കെതിരെ സർക്കാർ കൊൽക്കത്ത ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാൽദേ അഡീഷണൽ സെഷൻസ് കോടതി വിധിയിൽ സർക്കാർ അതൃപ്തി അറിയിച്ചു.

ബംഗാൾ അഡ്വക്കേറ്റ് ജനറലാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. വിചാരണ കോടതി വിധിയിൽ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം ബംഗാൾ പൊലീസിൽ നിന്ന് കേസ് നിർബന്ധപൂർവം സിബിഐക്ക് കൈമാറുകയായിരുന്നു. ബംഗാൾ പൊലീസാണ് അന്വേഷണം നടത്തിയതെങ്കിൽ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു.

ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂർവങ്ങളിൽ ആപൂർവമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഡോക്ടർമാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button