Religion

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലെ വിവരങ്ങൾ ചോർന്നു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി. എന്തൊക്കെ വിവരങ്ങള്‍ ചോര്‍ത്തി എന്നത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയതായാണ് പ്രാഥമിക വിവരം.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ക്ഷേത്ര സുരക്ഷയെയും ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. ക്ഷേത്രത്തിന്റെ കംപ്യൂട്ടിങ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഉദ്ദേശ്യത്തോടെയാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 13 മുതലുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നത്.

സംഭവത്തില്‍ ക്ഷേത്രത്തിലെ താല്‍കാലിക ജീവനക്കാനെയാണ് സംശയിക്കുന്നത്. ഇയാളുടെ പ്രവൃത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കംപ്യൂട്ടര്‍ സെക്ഷനില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, മാറ്റത്തിന് പിന്നാലെ ഇയാള്‍ ജീവനക്കാരുടെ സംഘടനാ നേതാവിന്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരുടെയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള പരാതിയില്‍ പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നത്.
കംപ്യൂട്ടര്‍ വിഭാഗത്തില്‍നിന്ന് മാറ്റിയ ശേഷവും ഈ ജീവനക്കാരന്‍ ക്ഷേത്രത്തിന്റെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും നെറ്റ്‌വര്‍ക്കിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് വിശദമായ പരിശോധന നടത്താന്‍ ക്ഷേത്രം അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഹാക്കിങ് നടന്നതായി മനസിലാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button