അതിജീവിതയ്ക്കെതിരായ സൈബര്‍ അധിക്ഷേപം; രാഹുല്‍ അനുകൂലികള്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിനെ തുടര്‍ന്ന് അതിജീവിതയ്ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമാകുകയും, ഇത് സംബന്ധിച്ച് കേസ് എടുക്കാന്‍ പൊലീസ് നടപടിയാരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം ഉപയോഗിച്ചാണ് രാഹുല്‍ അനുകൂലികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അധിക്ഷേപപ്രചാരണം നടത്തുന്നത്.
സൈബര്‍ ആക്രമണം സംബന്ധിച്ച ചോദ്യങ്ങള്‍ നേരിട്ടപ്പോള്‍ പ്രതിപക്ഷനേതാവ് ക്ഷുഭിതനായി പ്രതികരിച്ചപ്പോള്‍, പാര്‍ട്ടിയ്ക്ക് ഇതില്‍ പങ്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറി. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല പേജുകളും രാഹുലിന്റെ അനുയായികളും അതിജീവിതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അസഭ്യപരാമര്‍ശങ്ങളും അപകീര്‍ത്തി ശ്രമങ്ങളും നടത്തുകയാണെന്ന് ആരോപണം.
അതിജീവിത നല്‍കിയ പരാതിക്ക് പിന്നാലെയാണ് അധിക്ഷേപത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. ഇതിനിടെ പഴയ ചിത്രം പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വിവാദം രൂക്ഷമായതോടെ ചിത്രം പിന്‍വലിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇടുകയും അതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.




