കസ്റ്റഡി മരണങ്ങള്‍; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ സംഭവങ്ങളില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

കസ്റ്റഡി മരണങ്ങളില്‍ ഇടപെട്ട് സുപ്രിംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായ സംഭവങ്ങളില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ പൊലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പല സ്റ്റേഷനുകളില്‍ സിസിടിവികള്‍ ഇല്ലെന്നും കോടതി നീരിക്ഷണം.
2020-ല്‍ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിന്യായത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), റവന്യൂ ഇന്റലിജന്‍സ് വകുപ്പ് (ഡിആര്‍ഐ), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) എന്നീ കേന്ദ്ര ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.


