CAREERSNational

സിയുഇടി പിജി: പരീക്ഷ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ഒന്നു വരെ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ദേശീയ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ സിയുഇടി പിജി 2025 പരീക്ഷാ ഷെഡ്യൂള്‍ എന്‍ടിഎ പുറത്തുവിട്ടു. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in. സന്ദര്‍ശിച്ച് പരീക്ഷാ ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുന്നത്. 43 ഷിഫ്റ്റുകളിലായാണ് പരീക്ഷ. 90 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്നതാണ് ഓരോ ഷിഫ്റ്റും. ജനുവരി രണ്ടുമുതല്‍ ഫെബ്രുവരി എട്ടുവരെയായിരുന്നു രജിസ്‌ട്രേഷന്‍. 157 വിഷയങ്ങളിലായി 4,12,024 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.

ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച് ചില വിഷയങ്ങള്‍ ഒഴികെ, ഭൂരിഭാഗം വിഷയങ്ങളിലും ചോദ്യപേപ്പര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും. 41 ഭാഷാ പേപ്പറുകള്‍ അതത് ഭാഷാ ഫോര്‍മാറ്റുകള്‍ അനുസരിച്ചായിരിക്കും. അതേസമയം എംടെക്, ഹയര്‍ സയന്‍സസ് പേപ്പറുകള്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കും നടത്തുക. ആചാര്യ പേപ്പറുകള്‍ സംസ്‌കൃതത്തില്‍ ലഭ്യമാകും.എന്നാല്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം, ബൗര്‍ദ്ധ ദര്‍ശനം എന്നി കോഴ്‌സുകളിലേക്കുള്ള ചോദ്യപേപ്പര്‍ ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാകും. കൂടാതെ, ഹിന്ദു സ്റ്റഡീസ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാകും.

മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ 10.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെയും മൂന്നാമത്തെ ഷിഫ്റ്റ് വൈകുന്നേരം 4 മുതല്‍ 5.30 വരെയുമാണ്. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ‘CUET PG 2025 exam schedule’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരീക്ഷാ തീയതി നോക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button