
ലൈംഗിക അതിക്രമക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഭയം കാരണം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാൻ കഴിഞ്ഞ ദിവസം അസാധാരണ വാർത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തതിനും സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ മെസ്സജേുകളയച്ചതിനും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് വാർത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.