KeralaNews

പതിനൊന്നാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ: പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഇതോടെ രാഹുലിനെ കണ്ടെത്തുന്നതിന് വേണ്ടി പിന്തുടര്‍ന്നുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പുതിയ അന്വേഷണ സംഘം. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ പുതിയ അന്വേഷണ സംഘം രേഖപ്പെടുത്തും.

പതിനൊന്ന് ദിവസമായിട്ടും രാഹുല്‍ എവിടെ ആണ് എന്നതിനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പലപ്പോഴും രാഹുല്‍ എവിടെ ആണ് എന്ന വിവരം ലഭിച്ച് അവിടെ എത്തുന്നതിന് അല്‍പ്പം മുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയെങ്കിലും രാഹുലിന്റെ തൊട്ടടുത്ത് വരെ അന്വേഷണ സംഘം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം സംഘത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ രാഹുലിന് അപ്പോള്‍ തന്നെ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ ക്രൈംബ്രാഞ്ച് നിയോഗിച്ചത്. പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

രാഹുലിനെതിരായ ഒന്നാമത്തെ കേസില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാമത്തെ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ നാളെ രാഹുലിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ രാഹുലിന് എതിരെ എന്തെങ്കിലും ഒരു തെളിവ് അധികമായി ഹാജരാക്കി കേസ് ശക്തമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവില്‍ കേസില്‍ എഫ്‌ഐആര്‍ ഇട്ടതല്ലാതെ, കൂടുതല്‍ മുന്നോട്ടുപോയിട്ടില്ല. എത്രയും പെട്ടെന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button